മാർപ്പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ; സംസ്കാരചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കു
വത്തിക്കാന്‍: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സംസ്‌കാരചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾ വത്തിക്കാൻ സിറ്റിക്ക് പുറത്ത് ഉള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് നടക്കുക. ലോകനേതാക്കളും വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിന് ആയിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ചടങ്ങുകളിൽ പങ്കെടുക്കും. ഇന്ന് റോമിയിലെത്തുന്ന രാഷ്ട്രപതി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ കബറടക്ക ചടങ്ങിലും പങ്കുചേരും. മാർപ്പാപ്പയുടെ സംസ്‌കാരദിനം ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണമായി ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.